Friday, September 5, 2014

തുളസി - ഔഷധസസ്യങ്ങളുടെ റാണി

രാജ്യത്തെ പരിപാവനവും പുരാതനവുമായ ഔഷധസസ്യമാണ് തുളസി എന്ന ഔഷധറാണി. കൃഷ്ണതുളസി എന്നു കൂടി അറിയപ്പെടുന്ന ഓസിമം സാന്‍ക്ടം എന്ന ശാസ്ത്രനാമധാരിയെ അയ്യായിരത്തോളം വര്‍ഷമായി ശരീരത്തിന്റെയും മനസിന്റെയും ആത്മാവിന്റെയും സൗഖ്യലേപനമായി ആദരിച്ചുവരികയാണ്. അനേകം ആരോഗ്യഗുണങ്ങള്‍ വരദാനം ചെയ്യുന്ന ഔഷധമായി ഇതറിയപ്പെടുന്നു. സഹസ്രവര്‍ഷങ്ങളായി വൈവിധ്യമാര്‍ന്ന രോഗശാന്തിക്കായും ആയുര്‍വേദം ഇതിനെ ഉപയോഗിച്ചുവരുന്നു. ശരീരത്തിലെ വ്യത്യസ്ത പ്രക്രിയകളെ സന്തുലനം ചെയ്യുന്ന തുളസിയെ സര്‍വരോഗ സംഹാരിയായാണ് കണക്കാക്കിവരുന്നത്. അതിന്റെ അതിശക്തമായ സുഗന്ധവും അതിരൂക്ഷമായ രുചിയും പിരിമുറുക്കങ്ങളെപ്പോലും ചെറുക്കാന്‍ പര്യാപ്തമായതാണ്. ആയുര്‍വേദത്തില്‍ മൃതസഞ്ജീവനി എന്ന രീതിയിലാണ് തുളസി കണക്കാക്കുന്നത്. അത് ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കുമെന്നും വിശ്വസിക്കുന്നു.നിരവധി രോഗങ്ങള്‍ക്കുള്ള ആയുര്‍വേദ ഔഷധമായി തുളസിനീരിനെ ഉപയോഗിച്ചുവരുന്നു. പരമ്പരാഗതമായി ഔഷധച്ചായ, ചൂര്‍ണം, പച്ചയില, നെയ്യുമായി ചേര്‍ത്ത മിശ്രിതം എന്നി രീതികളില്‍ തുളസിയെ ഉപയോഗിക്കാറുണ്ട്. കര്‍പ്പൂരതുളസിയില്‍നിന്നെടുക്കുന്ന നീരാണ് ഭൂരിഭാഗം ഔഷധകാര്യങ്ങളിലും സൗന്ദര്യവര്‍ധകങ്ങളിലും ഉപയോഗിക്കുന്നത്. അത് ചര്‍മത്തിന് നല്‍കുന്ന ഗുണങ്ങളെക്കുറിച്ച് അറിയാവുന്നവര്‍ ചര്‍മക്കൂട്ടുകളിലും കര്‍പ്പൂരതുളസിയെ വ്യാപകമായി ഉപയോഗിച്ചുവരുന്നു.

No comments:

Post a Comment