Friday, October 17, 2014

ബാല്യകാല രോഗങ്ങളും പ്രകൃതി ചികിത്സയും


പനി
പനി 100 ഡിഗ്രിക്ക് മുകളിലായാല്‍ മാത്രമേ അപകടമാകൂ. അതുകൊണ്ട് നന്നായി നനച്ചു തുടക്കുക, എനിമ എടുക്കുക. ഭക്ഷണത്തിന് വിമുഖത കാണിക്കുന്നെങ്കില്‍ ഒന്നും കൊടുക്കേണ്ടതില്ല. നല്ല ദാഹമുണ്ടെങ്കില്‍ പച്ചവെള്ളം കുടിക്കാന്‍ കൊടുക്കുക. കരിക്കിന്‍ വെള്ളം, കരിമ്പിന്‍ നീര് എന്നിവ കൊടുക്കാവുന്നതാണ്. പനി രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഒന്നാണ്.
ചുമയും ജലദോഷവും
കഫം ഉള്ളതുകൊണ്ടാണ് ചുമയും ജലദോഷവുമുള്ളത്. കഫം ശരീരത്തിന് ഇപ്പോള്‍ ആവശ്യമില്ലാത്ത ഒന്നാണ്. ജലദോഷമുള്ളപ്പോള്‍ മുന്തിരി ജ്യൂസ് കുടിക്കുന്നത് വര്‍ധിച്ച അളവില്‍ കഫം പുറത്തേക്ക് തള്ളാന്‍ സഹായിക്കും. ആവി ശ്വസിക്കുന്നതും നല്ലതാണ്. തുളസിയും തേനും ചേര്‍ത്ത് കഴിക്കുന്നതും കഫം പുറത്തുകളയാന്‍ സഹായിക്കും.
ഛര്‍ദി: ആമാശയത്തില്‍ കടന്നുകൂടിയ വിഷവസ്തുക്കളെ പുറത്തേക്ക് തള്ളാനാണ് ഛര്‍ദി ഉണ്ടാകുന്നത്. ആ പ്രക്രിയ തീരുന്നതുവരെ ഒന്നും അകത്തേക്ക് കടത്തിവിടാതിരിക്കുന്നതാണ് നല്ലത്. ശരീരത്തിലെ ജലനഷ്ടം ഉണ്ടാകാതിരിക്കാന്‍ ശുദ്ധജലം കുടിപ്പിക്കുക. വെള്ളം കുടിക്കുമ്പോള്‍ ഛര്‍ദിക്കുന്നെങ്കില്‍ തോര്‍ത്ത് നനച്ച് പിഴിഞ്ഞ് ദേഹം തുടക്കുക. ഇത് ഇടക്കിടക്കിടെ ചെയ്യുക. ഛര്‍ദി പരിപൂര്‍ണമായും മാറിയശേഷം കക്കിരി,തക്കാളി,കോവക്ക, ഇളം പടവലം,കാരറ്റ്, ബീറ്റ്റൂട്ട് എന്നിവയുടെ ജ്യൂസ് കുടിച്ചുതുടങ്ങാം. ശേഷം ഓറഞ്ച്, മുസമ്പി ഇവ കഴിക്കാം. പിന്നീട്, വേവിച്ച ഭക്ഷണവും കഴിക്കാം.
വയറിളക്കം
വയറിളക്കവും വൃത്തിയാക്കല്‍ പ്രക്രിയ തന്നെയാണ്. ഇത് ചെറുകുടല്‍, വന്‍കുടല്‍ ഇവയിലെ വിഷവസ്തുക്കളെ കഴുകി വൃത്തിയാക്കുന്നതാണ്. ഈ സമയത്തും വയറിളക്കം മാറുന്നതുവരെ ഭക്ഷണം ഒഴിവാക്കുന്നതാണ് നല്ലത്. ജലനഷ്ടം ഒഴിവാക്കാന്‍ ജലം കുടിക്കാന്‍ നല്‍കുക. എത്ര പ്രാവശ്യം വയറിളകുന്നതും നല്ലതുതന്നെയാണ്. വയറിളക്കം പരിപൂര്‍ണമായും മാറിയശേഷം ഛര്‍ദിക്ക് പറഞ്ഞ അതേ രീതിതന്നെയാണ് അവലംബിക്കേണ്ടത്.
മലബന്ധവും വിശപ്പില്ലായ്മയും
ശിശുക്കളില്‍ ഇത് സര്‍വസാധാരണമാണ്. പഴവര്‍ഗങ്ങള്‍, പഴച്ചാറുകള്‍, കരിക്കിന്‍ വെള്ളം, മുലപ്പാല്‍ ഇവ കഴിച്ചു വളരുന്ന കുട്ടികള്‍ക്ക് ഈ അസുഖം ഉണ്ടാകാറില്ല. തിളപ്പിച്ച പാല്‍, പാല്‍പ്പൊടി, കൃത്രിമ പാനീയങ്ങള്‍, ബേബി ഫുഡുകള്‍, ബേക്കറി സാധനങ്ങള്‍, ബിസ്കറ്റ് ഇവ മലബന്ധം ഉണ്ടാകാനും വിശപ്പില്ലായ്മക്കും കാരണമാകുന്നു.
കരിക്കിന്‍ വെള്ളം , കരിമ്പിന്‍ ജ്യൂസ്, ഓറഞ്ച് ഇവ ധാരാളം കൊടുക്കുക. രാത്രി വാഴപ്പഴം നല്‍കുക. അതിലും മാറിയില്ലെങ്കില്‍ ഉണക്ക മുന്തിരി, അത്തിപ്പഴം എന്നിവ എട്ടുമണിക്കൂര്‍ വെള്ളത്തിലിട്ടശേഷം അത് മിക്സിയില്‍ അടിച്ചെടുത്ത് കുടിച്ചാല്‍ ഫലം കിട്ടും.
കരപ്പന്‍
അമ്ളപ്രധാനമായ ഭക്ഷണം കൊടുക്കുമ്പോഴാണ് കരപ്പന്‍ (ചൊറി, ചിരങ്ങ്) ഉണ്ടാകുന്നത് . കൃത്രിമ ആഹാരങ്ങളും ബിസ്കറ്റുകളും കാച്ചിയപാലും ഒഴിവാക്കി പഴങ്ങളും ഇലക്കറികളും അണ്ടിവര്‍ഗങ്ങളും ധാരാളം പച്ചക്കറികളും പച്ചക്കും അല്ലാതെയും നല്‍കുന്നത് രോഗമുക്തി വരുത്തും. ചൊറിയും ചിരങ്ങും ഉള്ളിടങ്ങളില്‍ നന്നായി ചെറുചൂടുവെള്ളത്തില്‍ ശുദ്ധമഞ്ഞള്‍ ചേര്‍ത്ത് കഴുകി വൃത്തിയാക്കി വെളിച്ചെണ്ണ പുരട്ടി അരമണിക്കൂര്‍ ഇളംവെയില്‍ കൊള്ളിച്ചാല്‍ രോഗമുക്തിയുണ്ടാകും.
മഞ്ഞപ്പിത്തം
പിത്തനീരു കരളില്‍നിന്ന് പക്വാശയത്തില്‍ വീഴാന്‍ തടസ്സം നേരിടുമ്പോഴാണ് രോഗം വരുന്നത്. പക്വാശയത്തില്‍ പിത്തനീര് ഒഴിയാതെ വന്നാല്‍ ദഹനം എന്ന പ്രക്രിയ നടക്കില്ല.അപ്പോള്‍ വിശപ്പ് തീരെപോകും. വിശപ്പില്ലാതാകുകയും ഭക്ഷണത്തിന് വിമുഖത കാണിക്കുകയും ചെയ്താല്‍ മറ്റു ഭക്ഷണങ്ങള്‍ കൊടുക്കാതിരിക്കുകയാണ് ചെയ്യേണ്ടത്. ഭക്ഷണമായി കരിക്കിന്‍ വെള്ളം,പുളിയുള്ള പഴങ്ങളുടെ നീര് എന്നിവ മാത്രം നല്‍കുക.ചെറുനാരങ്ങാനീര് അല്‍പം ശര്‍ക്കരയോ തേനോ ചേര്‍ത്ത് കൊടുക്കാം. കാലത്തും വൈകീട്ടും സൂര്യപ്രകാശം ധാരാളം കൊള്ളിക്കുക. മലബന്ധമുണ്ടെങ്കില്‍ എനിമ എടുക്കാവുന്നതാണ്. കണ്ണിന്‍െറ മഞ്ഞനിറം തെളിഞ്ഞാല്‍ മാത്രം ആദ്യം പഴങ്ങള്‍ കൊടുത്തു തുടങ്ങുക. പിന്നീട് കഞ്ഞി, ശേഷം ചോറും കറികളും നല്‍കുക. രോഗം മാറി രണ്ടാഴ്ച വരെ ഉപ്പ് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. രണ്ടുമാസത്തേക്ക് എണ്ണമയമുള്ള ഭക്ഷണം ഒഴിവാക്കുക.
പനിയുണ്ടെങ്കില്‍ നനച്ച തുണി കാലിലും നെഞ്ചിലും കെട്ടി പനി കുറക്കുക. പനി രോഗം മാറാന്‍ സഹായിക്കും. പച്ച മരുന്ന് കൊടുക്കാവുന്നതാണ്.ഒരു കീഴാര്‍നെല്ലി സമൂലം കഴുകി വൃത്തിയാക്കി ഇടിച്ചു പിഴിഞ്ഞ് ജ്യൂസായി കുടിക്കുക. കീഴാര്‍നെല്ലിക്ക് പകരം കയ്പ്പില്ലാതെ സാധാരണ നെല്ലിയിലയായാലും മതി.
മുണ്ടിനീര്
സാധാരണ കുട്ടികള്‍ക്ക് കണ്ടുവരുന്ന ഒരു രോഗമാണിത്. ഇതുമൂലം പെണ്‍കുട്ടികള്‍ക്ക് അണ്ഡകോശത്തിനും ആണ്‍കുട്ടികള്‍ക്ക് പുരുഷബീജത്തിനും കേടുണ്ടാകാന്‍ സാധ്യതയുണ്ട്. രണ്ടുപേര്‍ക്കും കുട്ടികള്‍ ഉണ്ടാകാതിരിക്കാനുള്ള സാധ്യതയും ഭാവിയിലുണ്ടാകും. ഇത് പകരും എന്നത് അന്ധവിശ്വാസമാണ്. ഉമിനീര്‍ ഉണ്ടാക്കുന്ന ഗ്രന്ഥികളുടെ വീക്കമാണ് ഈ രോഗം. അമിത മത്സ്യാഹാരവും എരിവ്, ബിസ്കറ്റ്, ബേക്കറിസാധനങ്ങള്‍, പഞ്ചസാര, എണ്ണകലര്‍ന്ന ഭക്ഷണങ്ങള്‍, ഐസ്ക്രീം എന്നിവയാണ് ഈ രോഗമുണ്ടാകുന്നതില്‍ പ്രധാനം.
വായ് തുറക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഭക്ഷണം കഴിക്കേണ്ടതില്ല. പച്ചവെള്ളം മാത്രം മതി. പോരെങ്കില്‍ ജ്യൂസുകളാവാം. വീക്കമുള്ളിടത്ത് ഈറന്‍ തുണി കെട്ടുക. നീര് പാടെ മാറിയാല്‍ കുളിക്കാം. പനിയുണ്ടെങ്കില്‍ നന്നായി വിശ്രമിച്ചാല്‍ മതിയാകും. 100 ഡിഗ്രിയില്‍ കൂടുതലാണെങ്കില്‍ തല നനച്ച് കൊടുക്കുക.
വിരശല്യവും കൃമിശല്യവും
കഴിക്കുന്ന ഭക്ഷണം ദഹിച്ചാല്‍ ശരീരത്തില്‍ നല്ലത്. ജീര്‍ണിച്ചാല്‍ പുഴുക്കള്‍ക്ക് ഭക്ഷണം. കാച്ചിയപാല്‍, പാല്‍പ്പൊടി, കൃത്രിമ പലഹാരങ്ങള്‍, പഞ്ചസാര, ബേക്കറിസാധനങ്ങള്‍, മത്സ്യം, മുട്ട എന്നിവയുടെ അമിത ഉപയോഗവും എണ്ണയില്‍ വറുത്തത്, പൊരിച്ചത്, ചായ, കാപ്പി, കോളകള്‍, ഐസ്ക്രീം ഇവ അമിതമായി കഴിക്കുന്നതും ദഹനക്കേടുണ്ടാക്കുകയും വയറിന് അജീര്‍ണം ബാധിക്കാനിടയാക്കുകയും ചെയ്യുന്നു. അങ്ങനെ അജീര്‍ണ സാധ്യത പുഴുക്കള്‍ക്ക് ഭക്ഷണമായി മാറുന്നു.
ധാരാളം പഴങ്ങള്‍,തക്കാളി,വെള്ളരിക്ക, കോവക്ക, കാരറ്റ് തുടങ്ങിയവ പച്ചയായി നല്‍കുക. വേവിച്ച ഭക്ഷണം കഴിവതും കുറക്കുക. കൃമിശല്യത്തിന് പേരക്കയും തേങ്ങയും നല്ല ഔധമാണ്. തുമ്പച്ചെടി ഇടിച്ചു പിഴിഞ്ഞ് കുടിക്കുന്നതും നല്ലതുതന്നെ. കറിവേപ്പിലയും മഞ്ഞളും ചേര്‍ത്ത് ജ്യൂസാക്കി കുടിക്കുന്നതും നല്ലതാണ്.
വയറുവേദന
സാധാരണ കുട്ടികള്‍ക്ക് കണ്ടുവരുന്ന ഒന്നാണ് വയറുവേദന. ഗ്യാസ്ട്രബ്ളും ദഹനക്കേടുമാണ് പ്രശ്നം. വയര്‍ നനച്ചുകെട്ടുക. എന്നിട്ടും മാറിയില്ലെങ്കില്‍ പാല്‍ പിരിച്ച് അതിന്‍െറ വെള്ളം അരിച്ച് കൊടുക്കാവുന്നതാണ്.
ടോണ്‍സിലൈറ്റിസ്
ശരീരത്തില്‍ ആവശ്യത്തിലധികം മാംസ്യം അകത്താകുമ്പോഴാണ് ടോണ്‍സില്‍ വീക്കം ഉണ്ടാകുന്നത്. മുട്ട ആഹാരമായി കൊടുക്കുമ്പോഴാണ് ഇത് ഏറ്റവും കൂടുതലായി കാണുന്നത്. ഈ രോഗത്തിന് പനിയുണ്ടാകും. തൊണ്ടപഴുപ്പുണ്ടാകും. ചിലപ്പോള്‍ കഴുത്തിനു ചുറ്റും നീരുണ്ടാകും. കഴുത്ത് നനഞ്ഞ തുണികൊണ്ട് ചുറ്റണം.ഭക്ഷണമൊന്നും വേണ്ട. ശുദ്ധജലം മാത്രം കുടിക്കാന്‍ നല്‍കുക. കരിക്കിന്‍വെള്ളം, കരിമ്പിന്‍ ജ്യൂസ് എന്നിവ വേണമെങ്കില്‍ കുടിക്കാം. രോഗം പൂര്‍ണമായും മാറുന്നതുവരെ ഇങ്ങനെ തുടരാം. വായ ഇടക്കിടെ ചൂടുവെള്ളംകൊണ്ട് കഴുകുക.
അപസ്മാരം
സാധാരണ രീതിയില്‍ പനി വരുമ്പോള്‍ കുട്ടികള്‍ക്ക് അപസ്മാരം വരാറുണ്ട്. അത് അത്ര കാര്യമാക്കേണ്ടതില്ല. വരുന്ന പനി 100 ഡിഗ്രിയില്‍ കൂടാതെ നോക്കിയാല്‍ മാത്രം മതി. അതിനുവേണ്ടി തല പച്ചവെള്ളം കൊണ്ട് കഴുകുക. എനിമ എടുക്കുക. തോര്‍ത്ത് നനച്ച് പിഴിഞ്ഞ് ദേഹം മുഴുവനും തുടക്കുക.
എന്നാല്‍, ഗര്‍ഭിണിയായിരുന്നപ്പോള്‍ കഴിച്ച പല മരുന്നുകളില്‍ നിന്നും ശരിയായ പോഷണം ലഭിക്കാത്തതുകൊണ്ടും കുഞ്ഞുങ്ങള്‍ക്ക് അപസ്മാരം ഉണ്ടാകാറുണ്ട്.

No comments:

Post a Comment