Friday, November 14, 2014

പച്ചക്കറിയിലെ വിഷാംശം

പച്ചക്കറിയിലെ വിഷാംശം
ഓരോ പച്ചക്കറിയിലും കണ്ടെത്തിയ വിഷാംശത്തിന്റെ വ്യത്യാസത്തിനനുസരിച്ചാണ് പ്രതിവിധി നിര്‍ദേശിച്ചിട്ടുള്ളത്.

1.പുതിനയില, കറിവേപ്പില, ചീര 

വിനാഗിരി ലായനിയിലോ (20 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍) വാളന്‍ പുളി ലായനിയിലോ (20 ഗ്രാം വാളന്‍പുളി ഒരു ലിറ്റര്‍ വെള്ളത്തില്‍ പിഴിഞ്ഞ് അരിച്ചെടുത്തത്) പാക്കറ്റില്‍ കിട്ടുന്ന ടാമറിന്റ് പേസ്റ്റ് ലായനിയിലോ (രണ്ട് ടേബിള്‍ സ്പൂണ്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്തത്) കറിവേപ്പിലയും പുതിനയിലയും പത്തുമിനിറ്റ് മുക്കിവെച്ചശേഷം വെള്ളത്തില്‍ പലയാവര്‍ത്തി കഴുകുക. വെള്ളം വാര്‍ന്നുപോകാന്‍ സുഷിരങ്ങളുള്ള പാത്രത്തില്‍ ഒരു രാത്രി വെച്ചശേഷം ടിഷ്യൂ പേപ്പറിലോ ഇഴയകന്ന കോട്ടണ്‍ തുണിയിലോ പൊതിഞ്ഞ് പ്ലാസ്റ്റിക് കണ്ടെയ്‌നറില്‍ അടച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ച് ആവശ്യത്തിന് ഉപയോഗിക്കുക.

2.പച്ചമുളക്, സാമ്പാര്‍ മുളക്, കാപ്‌സിക്കം, കത്തിരി, തക്കാളി, ബീന്‍സ്, അമരക്ക

മേല്‍പ്പറഞ്ഞ ലായനിയില്‍ ഏതിലെങ്കിലും പത്തുമിനിറ്റ് മുക്കിവെക്കുക. വെള്ളത്തില്‍ പലവട്ടം കഴുകുക. വെള്ളം വാര്‍ന്നുപോകാന്‍
സുഷിരങ്ങളുള്ള പാത്രത്തില്‍ ഒരു രാത്രി െവച്ചശേഷം ഞെട്ട് അടര്‍ത്തിമാറ്റി കോട്ടണ്‍ തുണിയുപയോഗിച്ച് വെള്ളം തുടച്ചുകളഞ്ഞ് പ്ലാസ്റ്റിക് കണ്ടെയ്‌നറില്‍ അടച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കാം.

3. പടവലം, പയര്‍, നെല്ലിക്ക, കോവയ്ക്ക

വളരെ മൃദുവായ സ്‌ക്രാപ്്പാഡ് ഉപയോഗിച്ച് സൂക്ഷിച്ച് ഉരസി കഴുകുക. മേല്‍പ്പറഞ്ഞ ലായനിയില്‍ ഏതിലെങ്കിലും പത്തുമിനിറ്റ് മുക്കിവെച്ച്, വെള്ളത്തില്‍ പലവട്ടം കഴുകി, വെള്ളം തുടച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കാം.

4. മല്ലിയില

മല്ലിത്തണ്ടിന്റെ ചുവടുഭാഗം വേരോടെ മുറിച്ചുകളഞ്ഞശേഷം ടിഷ്യൂപേപ്പറിലോ ഇഴയകന്ന കോട്ടണ്‍ തുണിയിലോ പൊതിഞ്ഞ് പ്ലാസ്റ്റിക് പാത്രത്തില്‍ അടച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കുക. ഉപയോഗിക്കുന്നതിന് തൊട്ടുമുമ്പ് വിനാഗിരി ലായനിയിലോ ഉപ്പുലായനിയിലോ (20 ഗ്രാം ഉപ്പ് ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്തത്) പത്തുമിനിറ്റ് മുക്കിവെച്ചശേഷം പലയാവര്‍ത്തി കഴുകുക.

5. മുരിങ്ങ, കാരറ്റ്, ബീറ്റ്‌റൂട്ട്, റാഡിഷ്

പലപ്രാവശ്യം വെള്ളത്തില്‍ കഴുകിയശേഷം വെള്ളം വാര്‍ന്നുപോകാന്‍ സുഷിരങ്ങളുള്ള പാത്രത്തില്‍ ഒരു രാത്രി വെച്ചശേഷം കോട്ടണ്‍ തുണിയുപയോഗിച്ച് വെള്ളം തുടച്ചിട്ട് ഇഴയകന്ന കോട്ടണ്‍ തുണിയില്‍ പൊതിഞ്ഞ് ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ഉപയോഗത്തിന് തൊട്ടുമുമ്പ് തൊലി നന്നായി ചുരണ്ടിക്കളഞ്ഞ്, ഒരിക്കല്‍ കൂടി കഴുകി പാകം ചെയ്യാം.

6. വെണ്ടക്ക, വഴുതന, വെള്ളരി, പാവക്ക, സലാഡ് വെള്ളരി, ചുരക്ക

തുണി കഴുകുന്ന ബ്രഷ് ഉപയോഗിച്ച് മൃദുവായി ഉരസി വെള്ളത്തില്‍ പല പ്രാവശ്യം കഴുകുക. വിനാഗിരി ലായനിയിലോ വാളന്‍ പുളി ലായനിയിലോ ടാമറിന്റ് പേസ്റ്റ് ലായനിയിലോ പത്തുമിനിറ്റ് മുക്കിവെക്കുക. കോട്ടണ്‍ തുണി ഉപയോഗിച്ച് വെള്ളം തുടച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കുക.

7. കോളിഫ്ലവര്‍ 

അടിയിലെ ഇലയും തണ്ടും വേര്‍പെടുത്തിയശേഷം കോളിഫ്ലവറിന്റെ ഇതളുകള്‍ ഓരോന്നായി മുറിച്ച് അടര്‍ത്തിയെടുക്കുക. അവ വിനാഗിരി ലായനിയിലോ ഉപ്പുലായനിയിലോ പത്തുമിനിറ്റ് മുക്കിവെച്ചശേഷം പലവട്ടം കഴുകുക. വെള്ളം വാര്‍ന്നുപോയശേഷം പ്ലാസ്റ്റിക് പാത്രത്തില്‍ അടച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കാം.

8. കാബേജ്

കാബേജിന്റെ ഏറ്റവും പുറമേയുള്ള മൂന്നോ നാലോ ഇതളുകള്‍ അടര്‍ത്തിക്കളഞ്ഞശേഷം വെള്ളത്തില്‍ പലവട്ടം കഴുകിയെടുത്ത് കോട്ടണ്‍ തുണികൊണ്ട് തുടച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കാം.

9. വെളുത്തുള്ളി, ചുവന്നുള്ളി, ഇഞ്ചി, ചേമ്പ്

ഉപയോഗിക്കുന്നതിന് തൊട്ടുമുമ്പ് തൊലി മുഴുവന്‍ പൊളിച്ചുകളഞ്ഞ് പലയാവര്‍ത്തി വെള്ളത്തില്‍ കഴുകി ഉപയോഗിക്കാം. 

നമുക്കൊന്നു നോക്കിയാലോ?

പലരും പറയാറുണ്ട്, പച്ചക്കറിക്കൃഷി ചെയ്യാന്‍ താത്പര്യമുണ്ട്. പക്ഷേ, സ്ഥലവും സമയവുമില്ലെന്ന്. കൃഷിയോടുള്ള താത്പര്യക്കുറവ് മാത്രമാണ് ഈ പറച്ചിലിന്റെ പിന്നില്‍. വീട്ടില്‍ തങ്ങള്‍ക്ക് ആവശ്യമുള്ള പച്ചക്കറി നട്ടുണ്ടാക്കുന്നതിന് ഒരുപാട് സമയം ചെലവഴിക്കേണ്ട കാര്യമൊന്നുമില്ല. ടെറസ്സിലോ വീടിന്റെ ചുറ്റുവട്ടത്ത് ഇത്തിരി സ്ഥലത്തോ ബാല്‍ക്കണിയിലോ ഒക്കെ അത്യാവശ്യം കൃഷി ചെയ്യാവുന്നതേയുള്ളൂ. അത് വീട്ടിലെ മറ്റ് പ്രവൃത്തികള്‍ ചെയ്യുന്നതുപോലെയേ ഉള്ളൂ.
ചിലര്‍ പറയാറുണ്ട്, 'താത്പര്യത്തോടെ കൃഷി തുടങ്ങിയതാണ്. പക്ഷേ, കീടംവന്ന് എല്ലാം തിന്നു. അതുകണ്ടപ്പോള്‍ പിന്നെ മനസ്സുമടുത്തു. കീടനാശിനി ഉപയോഗിക്കാനും വയ്യ. പിന്നെന്താ ചെയ്യുക?'
ഇത്തരം ആശങ്കള്‍ ഏറെയാണ്. പക്ഷേ, അവയ്ക്ക് ഉത്തരവുമുണ്ട്. അവ ഇതാണ്: 
* എവിടെനിന്ന് നല്ല വിത്തും തൈകളും കിട്ടും? 

കൃഷിഭവനുകള്‍, കാര്‍ഷിക സര്‍വകലാശാല, കാര്‍ഷിക കോളേജുകള്‍, വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട്‌സ് പ്രൊമോഷന്‍ കൗണ്‍സില്‍, നല്ല കര്‍ഷകര്‍, കൃഷിവകുപ്പ് ഏജന്‍സികള്‍ തുടങ്ങി നമ്മുടെ ചുറ്റുവട്ടത്ത് എവിടെയെങ്കിലുമൊന്ന് അന്വേഷിച്ചാല്‍ നല്ല വിത്തും തൈകളും കിട്ടാന്‍ വഴികള്‍ ഏറെയാണ്. എങ്ങനെ ഓരോ ഇനവും കൃഷിചെയ്യണമെന്ന് പറഞ്ഞുതരാന്‍ കഴിയുന്നവരും ഇവിടെയുണ്ട്. 
* കൃഷി നടത്താന്‍ വേണ്ടത്ര സ്ഥലമില്ല

നമ്മുടെ വീട്ടിലേക്ക് ആവശ്യമുള്ളവ ഉണ്ടാക്കിയെടുക്കാന്‍ അത്രയ്ക്ക് സ്ഥലമൊന്നും വേണ്ട. മട്ടുപ്പാവിലോ ബാല്‍ക്കണിയിലോ മതിലിന് പുറത്തോ ഒക്കെ ചട്ടിയിലും ചാക്കിലും പച്ചക്കറി നട്ടുണ്ടാക്കാം. വീടിനോട് ചേര്‍ന്ന് വളരെക്കുറച്ചേ സ്ഥലമുള്ളൂ എങ്കില്‍പ്പോലും അവിടെയുമാകാം. സൂര്യപ്രകാശം നന്നായി കിട്ടുന്ന സ്ഥലമാകണമെന്നേയുള്ളൂ. 
* വളത്തിന് എന്തുചെയ്യും? 

ചാണകപ്പൊടിയും ചാരവും വളമാണ്. അവ കിട്ടാന്‍ ബദ്ധിമുട്ടാണെങ്കില്‍ കൃഷിഭവനുകളിലോ മറ്റോ ചെന്നാല്‍ നല്ല ജൈവവളം കിട്ടും. വളംകടകളിലും ജൈവവളം ലഭിക്കും. 
* കീടത്തെ തുരത്താന്‍ എന്തുചെയ്യും?

കാലാവസ്ഥയ്ക്ക് യോജിച്ച ഇനങ്ങള്‍ മാത്രം നടാം.
കൃഷി ചെയ്യുന്നതിനുമുമ്പ് ആ സ്ഥലത്തുള്ള പാഴ്വസ്തുക്കള്‍ കൂട്ടിയിട്ട് കത്തിക്കാം.
കൃഷി ചെയ്യുന്നതിന് 15 ദിവസം മുമ്പ് കുമ്മായം മണ്ണില്‍ ചേര്‍ത്താല്‍ ബാക്ടീരിയ മൂലമുണ്ടാകുന്ന വാട്ടം ചെറുക്കാം.
ഒരു സ്ഥലത്ത് ഒരേ വിള തുടരെ കൃഷിചെയ്യരുത്. ഒരിടത്ത് ഒരുപ്രാവശ്യം പയര്‍ നട്ടെങ്കില്‍ അവിടെ അടുത്തപ്രാവശ്യം പയറല്ലാതെ മറ്റെന്തെങ്കിലും നടാം.
രോഗം ബാധിച്ച ചെടികളുണ്ടെങ്കില്‍ അവയെ പറിച്ചെടുത്ത് നശിപ്പിച്ചുകളയാം. പ്രാണികളുടെ മുട്ട, പുഴു എന്നിവയെ കണ്ടാല്‍ അവയെ എടുത്ത് നശിപ്പിച്ചുകളയുക.
ജൈവ കീടനാശിനികളും ജീവാണുക്കളും യഥാസമയം കൃത്യമായ അളവില്‍ തളിച്ചുകൊടുത്താല്‍ കീടങ്ങളെ നിയന്ത്രിക്കാനാവും. 

ചില ജൈവ കീടനാശിനികള്‍ തയ്യാറാക്കാം

1. വേപ്പെണ്ണ എമല്‍ഷന്‍ വെളുത്തുള്ളി മിശ്രിതം
60 ഗ്രാം ബാര്‍സോപ്പ് അരലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചെടുത്ത് അതില്‍ ഒരു ലിറ്റര്‍ വേപ്പെണ്ണ ചേര്‍ത്തിളക്കണം. ഇത് നാല്പതിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ചെടികളില്‍ തളിക്കാം. 
2. പുകയില കഷായം 

500 ഗ്രാം പുകയിലഞെട്ട് ചെറുതായി അരിഞ്ഞ് നാലര ലിറ്റര്‍ വെള്ളത്തില്‍ ഒരുദിവസം മുക്കിവെക്കുക. പുകയില പിഴിഞ്ഞ് ചണ്ടിമാറ്റുക. അരലിറ്റര്‍ വെള്ളത്തില്‍ നാല് ചെറിയ കട്ട ബാര്‍സോപ്പ് ചെറുതായി അരിഞ്ഞുചേര്‍ക്കുക. രണ്ട് ലായനിയും കൂട്ടിച്ചേര്‍ത്തിളക്കുക. ഈ പുകയിലക്കഷായം ഏഴിരട്ടി വെള്ളം ചേര്‍ത്ത് ചെടികളില്‍ തളിക്കാം. 
3. നാറ്റപ്പൂച്ചെടി സോപ്പ് മിശ്രിതം

നാറ്റപ്പൂച്ചെടിയുടെ ഇലയും തണ്ടും ചതച്ച് 100 മില്ലി നീരെടുക്കുക. രണ്ടു ചെറിയ കട്ട ബാര്‍സോപ്പ് 50 മില്ലി വെള്ളത്തില്‍ ലയിപ്പിച്ച് നാറ്റപ്പൂച്ചെടി നീരില്‍ ഒഴിച്ചിളക്കുക. ഇത് പത്തിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ചെടിയില്‍ തളിക്കാം. 
4. കിരിയാത്ത് എമല്‍ഷന്‍

കിരിയാത്ത് അഥവാ നിലവേപ്പ് ചെടിയുടെ ഇലയും ഇളംതണ്ടും അരച്ചെടുത്ത് 100 മില്ലി നീരെടുക്കുക. രണ്ടു ചെറിയ കട്ട ബാര്‍സോപ്പ് 50 മില്ലി വെള്ളത്തില്‍ ലയിപ്പിച്ച് അത് നീരില്‍ ഒഴിച്ചിളക്കുക. പത്തിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ഇലയുടെ രണ്ടുവശത്തും തളിക്കുക. 
5. ഗോമൂത്രംകാന്താരിമുളക് ലായനി

ഒരു ലിറ്റര്‍ ഗോമൂത്രത്തില്‍ 10 ഗ്രാം കാന്താരി മുളക് അരച്ചുചേര്‍ത്ത് 10 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് തളിക്കാം. 
6. മഞ്ഞക്കെണി

ഒഴിഞ്ഞ ടിന്നുകളുടെ പുറംഭാഗത്ത് മഞ്ഞ പെയിന്റടിച്ചശേഷം ആവണക്കെണ്ണ പുരട്ടി കുത്തിനിര്‍ത്തിയാല്‍ വെള്ളിയീച്ചകള്‍ നിറത്തില്‍ ആകൃഷ്ടരായി ടിന്നില്‍ പറ്റിപ്പിടിക്കും. മഞ്ഞ പ്ലാസ്റ്റിക് ഷീറ്റിന്റെ രണ്ടുവശത്തും ആവണക്കെണ്ണ പുരട്ടിയും ഇതിനായി ഉപയോഗിക്കാം. 
7. ചാണകപ്പാല്‍

200 ഗ്രാം പച്ചച്ചാണകം 10 ലിറ്റര്‍ വെള്ളത്തില്‍ കലക്കി അരിച്ചെടുത്ത് തളിച്ചാല്‍ ചെടിയിലെ ബാക്ടീരിയല്‍ രോഗത്തെ ചെറുക്കാം.
ജൈവകൃഷിക്ക് വിളവ് കുറയുമെന്നത് തെറ്റായ ധാരണയാണ്. വളര്‍ച്ചയെ സഹായിക്കുന്ന ത്വരകങ്ങള്‍ നമുക്ക് പ്രയാസമില്ലാതെ ഉണ്ടാക്കാം. അവയില്‍ ചിലത്:
1. ഫിഷ് അമിനോ ആസിഡ് 

ചെറുതായി മുറിച്ച ഒരുകിലോ പച്ച മത്തിയും ഒരു കിലോ പൊടിച്ച ശര്‍ക്കരയും ചേര്‍ത്ത് വായു കടക്കാത്ത പാത്രത്തില്‍ 15 ദിവസം വെക്കുക. അതിനുശേഷം ഈ മിശ്രിതം രണ്ടു മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് പത്തു ദിവസത്തിലൊരിക്കല്‍ നാലില പ്രായം മുതല്‍ തളിക്കാം. ചെടിക്ക് നല്ല വളര്‍ച്ചയുണ്ടാകും. കായ്ഫലം കൂടും. 
2. പഞ്ചഗവ്യം

അഞ്ച് കിലോ പച്ചച്ചാണകത്തില്‍ 500 ഗ്രാം നെയ്യ് ചേര്‍ത്ത് ഒരുദിവസം വെക്കണം. ഇതില്‍ നാല് ലിറ്റര്‍ ഗോമൂത്രം, അര ലിറ്റര്‍ പാല്‍, 500 ഗ്രാം നെയ്യ്, 500 ഗ്രാം തൈര്, രണ്ടു പാളയം കോടന്‍ പഴം എന്നിവ യോജിപ്പിച്ച് തണലില്‍ സൂക്ഷിക്കുക. ദിവസേന ഇളക്കുക. 15 ദിവസത്തിനുശേഷം പത്തിരട്ടി വെള്ളം ചേര്‍ത്ത് നാലില പ്രായം മുതല്‍ ആഴ്ചയിലൊരിക്കല്‍ തളിക്കാം. വിളവ് വളരെ വര്‍ധിക്കും. കീടനാശിനിയുമാണ്. ഇതൊക്കെ ഉണ്ടാക്കാന്‍ കുറച്ചു ശ്രമം മതി. വളരെ നാള്‍ ഉപയോഗിക്കാം. 

മണ്ണിനെ കാക്കാം

ചവിട്ടിനില്‍ക്കുന്ന മണ്ണില്‍ വിഷം പുരട്ടിക്കൊണ്ടിരിക്കുകയാണ് നമ്മള്‍. ചെടിയുടെ വളര്‍ച്ചയെയും വിളകളുടെ ഉത്പാദനത്തെയും നിയന്ത്രിക്കുന്ന ഏറ്റവും പ്രധാന ഘടകമായ മണ്ണില്‍ രാസവസ്തുക്കളുടെ അനിയന്ത്രിതമായ പ്രയോഗമാണിന്ന്.
സുരക്ഷനല്‍കുന്ന, ഉപകാരികളായ സൂക്ഷ്മജീവികളുടെ എണ്ണം അനിയന്ത്രിതമായ രാസപ്രയോഗത്താല്‍ കുറഞ്ഞുവരുന്നു. 'കാര്യക്ഷമമായ സൂക്ഷ്മജീവികളുടെ പ്രയോഗം' (ഇഫക്ടീവ് മൈക്രോ ഓര്‍ഗാനിസംഅഥവാ ഇ.എം.) എന്ന സാങ്കേതികവിദ്യയിലൂടെ മണ്ണിലെ സൂക്ഷ്മജീവികളുടെ എണ്ണം കൂട്ടാം, മണ്ണിന്റെ ജീവന്‍ തിരിച്ചുപിടിക്കാം.

പച്ചക്കറിയില്‍ ഇപ്പോഴുള്ള കീടനാശിനി വിഷത്തിന്റെ പേര്, തോത്, അത് മാറ്റാനുള്ള വിദ്യ തുടങ്ങിയവ ഉള്‍പ്പെടുന്ന വെള്ളായണി കാര്‍ഷിക കോളേജ് കീടനാശിനി അവശിഷ്ട വിഷാംശ പരിശോധനാ ലാബിന്റെ റിപ്പോര്‍ട്ടുകള്‍ കേരളസര്‍ക്കാറിന്റെ www.kerala.gov.in വെബ്‌സൈറ്റില്‍ 'റിപ്പോര്‍ട്ട്‌സ് ആന്‍ഡ് മാന്വല്‍സ്' എന്ന ലിങ്കില്‍ ലഭിക്കും. വിപണിയില്‍ കിട്ടുന്ന പച്ചക്കറി അതേ വിലയ്ക്ക് വിഷരഹിതമാക്കി വീടുകളിലെത്തിക്കാന്‍ ശ്രമിക്കുന്ന സൈബീല്‍ ഹെര്‍ബല്‍ ലബോറട്ടറീസിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. വിലാസം: cybelesafenfresh.com
jayachandran@mpp.co.in 





No comments:

Post a Comment