Thursday, November 6, 2014

പേസ്റ്റ് - ദന്തരോഗങ്ങള്‍ക്ക്‌

വീട്ടിലുണ്ടാക്കാവുന്ന പേസ്റ്റ്
-------------------------------------------
കൊട്ടം ,കടുക്ക നെല്ലിക്ക ,താന്നിക്ക ചുക്ക് ,കുരുമുളക് തിപ്പലി ഏല തരി ,ഇലവർങം അല്ലെങ്കിൽ കറുവപ്പട്ട എന്നിവ പൊടിച് കൂട്ടി തേനിൽ കുഴച് പേസ്റ്റ് രൂപത്തിലാക്കി പല്ല് തേക്കുക .വായ് ശുദ്ധ മാകാനും അണ് വിമുക്തമാക്കാനും ഇത് നല്ലതാണു
--------------------------
മൌത്ത് വാഷ്
---------------------------
കരിങ്ങാലി നാൽപ്പമരപ്പട്ട കരിവേലപ്പട്ട രാമച്ചം ഇവ പൊടിച്ചു ചേർത്തിളപ്പിച്ച വെള്ളം നല്ലൊരു മൌത്ത് വാഷ് ആണ്


 ദന്തരോഗങ്ങള്‍ക്ക്‌ ശരിയായ ചികിത്സ ആവശ്യമാണ്‌.
പല്ലുവേദന
1. ചുക്ക്‌, കുരുമുളക്‌, തിപ്പലി ഇവ പൊടിച്ച്‌ വെള്ളത്തിലിട്ട്‌് തിളപ്പിച്ച്‌ കവിള്‍ കൊള്ളുക. അല്ലെങ്കില്‍ തേന്‍ ചേര്‍ത്ത്‌ പേയിസ്‌റ്റ് രൂപത്തിലാക്കി പല്ലിന്റെ ദ്വാരത്തില്‍ വയ്‌ക്കുക.
2. എരുക്ക്‌, ഏലിലംപാല, പപ്പായ കറ ഇവ കൃമിയുള്ള പല്ലിന്റെ ദ്വാരത്തില്‍ കടത്തിവയ്‌ക്കുകയോ, പഞ്ഞിയില്‍ കടിച്ചു പിടിക്കുകയോ ചെയ്യുക.
3. ഖദിരാദി ഗുളിക തേനിലോ ഉപ്പു വെള്ളത്തിലോ ചാലിച്ച്‌ മോണയില്‍ തേയ്‌്ക്കുക. കേടുള്ള പല്ലില്‍ വയ്‌ക്കാവുന്നതുമാണ്‌.
4. അരിമേദാദി എണ്ണ ചൂടുവെള്ളത്തില്‍ ഒഴിച്ച്‌ കവിള്‍ കൊള്ളുകയോ ഉച്ചിയില്‍ ഒന്നോ രണ്ടോ തുള്ളി തേയ്‌ക്കുകയോ ചെയ്യുക.
5. ത്രിഫലചൂര്‍ണ്ണം തേനില്‍ ചാലിച്ച്‌ മോണയില്‍ പുരട്ടുകയോ വെള്ളത്തിലിട്ട്‌ തിളപ്പിച്ച്‌ കവിള്‍ കൊള്ളുകയോ ചെയ്യാവുന്നതാണ്‌.
ശര്‍ക്കരദന്തം അഥവാ പ്ലാക്ക്‌
പഞ്ചസാരപോലെ പ്ലാക്ക്‌ പല്ലില്‍ അടിഞ്ഞിരിക്കുന്നതാണ്‌ ശര്‍ക്കരദന്തം. ഇത്‌ പല്ലില്‍ പറ്റിപ്പിടിച്ചിരിക്കുന്നതിനാല്‍ ഡോക്‌ടറുടെ സഹായത്തോടെ നീക്കം ചെയ്യണം. പ്ലാക്കിന്റെ പിന്നീടുള്ള വ്യാപനം നിയന്ത്രിക്കാന്‍ ചവര്‍ക്കാരം പൊടിച്ച്‌ തേനും ചേര്‍ത്ത്‌ കുഴച്ച്‌ പല്ലില്‍ ഉരച്ചാല്‍ മതിയാവും.
പല്ലിന്റെ നിറവ്യത്യാസം
പല്ലുകളുടെ നിറവ്യത്യാസം മിക്കവരെയും അലട്ടുന്ന പ്രശ്‌നമാണ്‌. മഞ്ഞ, കറുപ്പ്‌ തുടങ്ങിയ നിറങ്ങളിലാണ്‌ ഇത്‌ കൂടുതലും കാണപ്പെടുന്നത്‌.
1. ഇരട്ടിമധുരം, കായം, ചവര്‍ക്കാരം, പൊട്ടം, വിളാലരി ഇവ പൊടിച്ച്‌ കിഴിയാക്കി പല്ലിനു മുകളില്‍ ചൂട്‌ കൊടുക്കുക.
2. നാല്‍പാമര കഷായം കവിള്‍ കൊള്ളുക.
വായ്‌നാറ്റം
ദന്തരോഗങ്ങള്‍ക്കൊണ്ടു മാത്രമല്ല മോണരോഗം, അസിഡിറ്റി തുടങ്ങിയ പല രോഗങ്ങളുടെയും ഭാഗമായി വായ്‌നാറ്റം അനുഭവപ്പെടാം. രോഗങ്ങളാണ്‌ വായ്‌നാറ്റത്തിനു കാരണമെങ്കില്‍ രോഗം ചികിത്സിച്ചു മാറ്റുന്നതിലൂടെ വായ്‌നാറ്റം ഒഴിവാക്കാവുന്നതാണ്‌. വായ്‌നാറ്റം മാറാന്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ പരീക്ഷിക്കാവുന്നതാണ്‌.
1. പിച്ചിപൂവിന്റെ ഇല, കരിങ്ങാലി, ഞെരിഞ്ഞില്‍ ഇവ പൊടിച്ച്‌ വായിലേക്ക്‌ പുക പിടിക്കുക.
2. കാവിമണ്ണ്‌, ഇന്തുപ്പ്‌, കോലരക്ക്‌ ഇവ പൊടിച്ച്‌ സമം വെള്ളം ചേര്‍ത്ത്‌ യോജിപ്പിച്ച്‌ മോണയില്‍ തേയ്‌ക്കുക.
3. ഗ്രാമ്പു വെള്ളത്തിലിട്ട്‌ തിളപ്പിച്ച്‌ കവിള്‍ കൊള്ളുക.
വായ്‌പ്പുണ്ണ്‌
കവളിന്റെ അകത്തുള്ള ഭാഗത്തോ മോണയിലോ വേദനയോടുകൂടി കാണപ്പെടുന്ന ചെറിയ കുരുക്കളാണ്‌ അള്‍സര്‍ അഥവാ വായ്‌പ്പുണ്ണ്‌. പഴകിയ ബ്രഷ്‌ ഉപയോഗിക്കുന്നതുമൂലമുള്ള അണുബാധ, വൈറ്റമിന്റെ കുറവ്‌, പുളിയുള്ള വസ്‌തുക്കളുടെ നിരന്തര ഉപയോഗം എന്നിവയെല്ലാം ഇതിനു കാരണമാകാം.
വയറ്റിലെ അള്‍സര്‍ മുതല്‍ വന്‍കുടലിലെ കാന്‍സറിന്റെ വരെ ലക്ഷണമായും വായ്‌പ്പുണ്ണ്‌ പ്രത്യക്ഷപ്പെടാം. അമിതദേഷ്യം, ഉഷ്‌ണം, ആന്റിബയോട്ടിക്‌സിന്റെ ഉപയോഗം എന്നിവയും അള്‍സറിനുള്ള കാരണങ്ങളാണ്‌. അള്‍സറിനു കാരണമാകുന്ന രോഗങ്ങള്‍ കണ്ടെത്തി ചികത്സിക്കേണ്ടതാണ്‌.
1. കാവിമണ്ണ്‌ തേന്‍ ചേര്‍ത്ത്‌ പുരട്ടുക.
2. ത്രിഫലപ്പൊടി കഴിക്കുകയോ വെള്ളത്തിലിട്ട്‌് കവിള്‍ കൊള്ളുകയോ ചെയ്യുക.
വരള്‍ച്ച
വായ്‌ വരണ്ടുണങ്ങിയിരിക്കുന്ന അവസ്‌ഥ. ദന്തരോഗങ്ങളേക്കാള്‍ ഉള്ളിലുള്ള രോഗങ്ങളുടെ അനുബന്ധമായാണ്‌ വായവരണ്ട്‌ ഉണങ്ങുന്നത്‌. പ്രമേഹം, പനി, ഛര്‍ദി, ജലദോഷം എന്നിവയെല്ലാം വരള്‍ച്ചയുടെ കാരണങ്ങളാണ്‌. ശരീരത്തിന്‌ ആവശ്യത്തിനു വെള്ളം കിട്ടാതെ വരുന്നതാണ്‌ ഇതിനു കാരണം. പ്രധാനരോഗത്തെ ചികിത്സിച്ചുകൊണ്ടാണ്‌ വരള്‍ച്ചയുടെ ചികിത്സ.
രാമച്ചം, നറുനീണ്ടി ഇവ ഇട്ട്‌ തിളപ്പിച്ച വെള്ളം കുടിക്കുന്നത്‌ വരള്‍ച്ച കുറയാന്‍ സഹായിക്കും.
ആരോഗ്യമുള്ള പല്ലുകള്‍ക്ക്‌
ദന്തപരിചരണത്തെക്കുറിച്ച്‌ ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ വ്യക്‌തമായി പ്രതിപാദിക്കുന്നുണ്ട്‌. ദിനചര്യയില്‍ ദന്ത സംരക്ഷണത്തിന്‌ പ്രഥമ സ്‌ഥാനമാണ്‌ ആയുര്‍വേദ ആചാര്യന്‍മാര്‍ നല്‍കിയിരിക്കുന്നത്‌. ബ്രാഹ്‌മ മുഹൂര്‍ത്തത്തില്‍ എഴുന്നേറ്റ്‌ മലമൂത്ര വിസര്‍ജനം കഴിഞ്ഞാല്‍ ആദ്യം ചെയ്യേണ്ടത്‌ പല്ലുകള്‍ വൃത്തിയാക്കലാണ്‌.
പേരാല്‍, നീര്‍മരുത്‌, കരിങ്ങാലി, മാവ്‌, ഉങ്ങ്‌ തുടങ്ങിയ ഏതെങ്കിലും വൃക്ഷത്തിന്റെ കമ്പെടുത്ത്‌ അറ്റം ചതച്ച്‌ പല്ലു തേയ്‌ക്കണമെന്നാണ്‌് ആയുര്‍വേദ ആചാര്യന്‍മാര്‍ പറയുന്നത്‌. ഈ കമ്പിന്‌ ചെറുവിരലിന്റെ വണ്ണവും 12 ഇഞ്ച്‌ നീളവും ഉണ്ടായിരിക്കണം. ചുക്ക്‌, തിപ്പലി, കുരുമുളക്‌ ഇവ പൊടിച്ചതോ ഏലയ്‌ക്ക, ജാതിക്കാ ഇവ പൊടിച്ചതോ തേനില്‍ കുഴയ്‌ക്കുക. ഈ മിശ്രിതം കമ്പില്‍ പുരട്ടി വേണം പല്ല്‌ വൃത്തിയാക്കാന്‍.
പല്ല്‌ തേയ്‌ക്കുന്നതിന്റെ ചിട്ടകളെക്കുറിച്ച്‌ പറയുന്നതിനൊപ്പം പല്ല്‌ തേയ്‌ക്കാതിരിക്കേണ്ട സാഹചര്യങ്ങളെക്കുറിച്ചും ആയുര്‍വേദം പറയുന്നുണ്ട്‌. എന്നാല്‍ ഇവര്‍ 12 തവണ കുലുക്കുഴിയണം. ഗര്‍ഭാവസ്‌ഥയില്‍ ഛര്‍ദിയുള്ളവര്‍, കഫം, ചുമ, അതിയായ പനി, പക്ഷാഘാതം, കഠിന തലവേദന, ചെവി കണ്ണ്‌ സംബന്ധിയായ രോഗങ്ങളുള്ളവര്‍, ചിലതരം ഹൃദ്രോഗങ്ങളുള്ളവര്‍ എന്നിവരെല്ലാം പല്ലു തേയ്‌ക്കുന്നതില്‍നിന്ന്‌ ഒഴിവാക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ മരുന്നു വെള്ളമോ ചൂടുവെള്ളമോ പച്ചവെള്ളമോ ഉപയോഗിച്ച്‌ കുലുക്കുഴിയണം.
1. ഉമ്മിക്കരിയും ഉപ്പും ചേര്‍ത്ത്‌് തേയ്‌ക്കുന്നതിലൂടെ ദന്തരോഗങ്ങളും വായ്‌ രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യത കുറയ്‌ക്കാം.
2. പല്ലിന്റെ ഇനാമലിനെ സംരക്ഷിക്കാന്‍ പുളിയുള്ള പദാര്‍ത്ഥങ്ങള്‍ അമിതമായി കഴിക്കുന്നത്‌ കുറയ്‌ക്കണം. അമിത ചൂടും അമിത തണുപ്പുമുള്ളവയുടെ ഉപയോഗവും നന്നല്ല.
3 വളരെ കട്ടിയുള്ള ഭക്ഷണസാധനങ്ങള്‍ കഴിക്കുമ്പോള്‍ പല്ലിന്‌ ഇളക്കം തട്ടിയാല്‍ അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്‌.
4. കാല്‍സ്യം അടങ്ങിയ ആഹാരം കഴിക്കുന്നത്‌ പല്ലുകളുടെ ആരോഗ്യത്തിന്‌ ഉത്തമമാണ്‌. മുട്ടയുടെ വെള്ള, മുള്ള്‌ കഴിക്കാവുന്നതരം മത്സ്യങ്ങള്‍ ഇവയെല്ലാം കാല്‍സ്യത്തിന്റെ സ്രോതസുകളാണ്‌്.
5. ഇലക്കറികളും ധാന്യവര്‍ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. മോണയുടെ ആരോഗ്യത്തിന്‌ വെറ്റമിന്‍ സി അടങ്ങിയ നെല്ലിക്ക, മാതളനാരങ്ങ എന്നിവ കഴിക്കുക.
6. ഓരോ തവണ ആഹാരം കഴിച്ച ശേഷവും വായ്‌ വൃത്തിയായി കഴുകണം.
7. പല്ലിന്റെ ഇടയില്‍ അവശിഷ്‌ടങ്ങള്‍ തങ്ങി ഇരിക്കാന്‍ അനുവദിക്കരുത്‌. ഇത്‌ ദന്തക്ഷയത്തിനുള്ള സാധ്യത വര്‍ധിപ്പിക്കും.
8. മധുരം കൂടുതലുള്ള സാധനങ്ങള്‍ കുട്ടികള്‍ക്ക്‌ കൊടുക്കാതിരിക്കുക.
9. കൊച്ചു കുട്ടികള്‍ക്ക്‌ കിടക്കാന്‍നേരം പാല്‍ കൊടുത്താല്‍ ഉടന്‍ വായ്‌ കഴുകിക്കണം.
10. ഗര്‍ഭിണികള്‍ കാത്സ്യം അടങ്ങിയ വിഭവങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത്‌ കുഞ്ഞിന്‌ ഗുണപ്രദമാണ്‌.

No comments:

Post a Comment